Saturday, April 6, 2013

മരുതമലൈ മുരുകൻ





'മരുത മലൈ മാമുനിയെ മുരുകയ്യ വെലെടുത്തു വിളയാടും വെലയ്യ'

മലയാളികള്ക്ക് സുപരിചിതമായ ഒരു മുരുകാ ഗാനമാണിത്. മുരുകനോടൊപ്പം പ്രകൃതിയുടെ പരിലാളനവും ലഭിക്കുന്ന മരുതമലൈ രോഗശാന്തി നല്കുന്ന പുണ്യ സങ്കേതം കൂടിയാണ്...
കൊയംബതൂരിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരെ ആണ് മരുതമലൈ സ്ഥിതി ചെയ്യുന്നത്. 837 അടി ഉയരമുള്ള ഈ മല നിരവധി വൃക്ഷലതാദികളാൽ ഇടതിങ്ങി നില്കുന്ന പൂങ്കാവനമാണ്.

ഇവിടുത്തെ ഔഷധ ചെടികൾക്ക് അസാധാരണമായ രോഗശമനശേഷി ഉണ്ട്. ഔഷധ ലതകളെ തഴുകി എത്തുന്ന കാറ്റു എൽക്കുന്നതും രോഗശമനത്തിന് വഴി ഒരുക്കും. അതുകൊണ്ടാണ് മലമുകളിലേക്ക് വാഹന സൗകര്യം ഉണ്ടെങ്കിലും നടന്നു കയറുന്നതാണ് ഉത്തമമെന്നു പറയുന്നത്‌.





മലയുടെ അടിവാരത്തിൽ ചെറിയ മണ്ഡപവും താന്തോന്നി വിനായകന്റെ ക്ഷേത്രവും ഉണ്ട്. അവിടെ നിന്നാണ് പടികൾ ആരംഭിക്കുന്നത്. ഇത് സ്വയം ഭൂവായ ഗണപതി ആണ്.
ഇവിടെ വണങ്ങിയിട്ടു  വേണം മല കയറുവാൻ. പടികൾ കയറുമ്പോൾ മലയുടെ പകുതിയിലായി ഹിടുംബൻ കോവിൽ ഉണ്ട്‌.







വലിയ പാറയിൽ കാവടിയിൽ നിലയുറപ്പിച്ചതുപോലെയാണ് രണ്ടു അടി ഉയരമുള്ള ഹിടുംബ വിഗ്രഹം. സന്തതികൾ ഇല്ലാത്ത ദംബതികൾ തുണിയിൽ ചെറിയ തൊട്ടിൽ ഉണ്ടാക്കി ഇവിടെയുള്ള മരങ്ങളിൽ കെട്ടുന്ന പതിവുണ്ട്.

പടികൾ അവസാനിക്കുന്ന സ്ഥലത്താണ്‌ ആദിമൂല സ്ഥാനം. ഇവിടെ മുരുകൻ, വള്ളി, ദേവയാനി എന്നിവരോടൊപ്പം ലിംഗരൂപത്തിൽ ദർശനമേകുന്നു. ഇവിടെ പൂജ നടത്തിയതിനു ശേഷമേ ക്ഷേത്രത്തിനുള്ളിൽ പൂജ ചെയുകയുള്ള്. ആദിമൂലസ്ഥാനത്തിനു അല്പം ദൂരെയാണ് മരുതമലൈ മുരുകൻ കുടി കൊള്ളുന്നത്‌. പഴനി മുരുകനെ പോലെ ജ്ഞാനദണ്ട് പിടിച്ചു ഇടതു കൈ അരയിൽ വച്ചാണ് മുരുകൻ ഭക്തർക്ക്‌ അനുഗ്രഹമേകുന്നത്. മുരുകൻ ബാലനായാലും രാജാലങ്കാരത്തിൽ ഗംഭിര രൂപത്തിലും ദണ്ടപാണീരൂപത്തിലും ദർശനമേകുന്നു.

മരുതമലയിൽ മരുതതീർത്ഥം, കന്നിതീർത്ഥം , കന്ദതീർത്ഥം എന്നീ കുളങ്ങളുണ്ട്. മഴ ഇല്ലാത്ത സമയത്ത് മലയിൽ നിന്നും ഊർന്നീറങ്ങുന്ന വെള്ളത്തിന്‌ വളരെയധികം ഔഷധ ഗുണങ്ങൾ ഉണ്ട്‌.  ക്ഷേത്രാങ്കണത്തിൽ പഞ്ചമരങ്ങൾ സ്ഥിതി ചെയ്യുന്നു.

സിദ്ധൻ താമസിച്ചിരുന്ന ഗുഹയുമുണ്ട്. ഇവിടെ ആ സിദ്ധന്റെ പ്രതിഷ്ഠയും അരികിൽ ശിവലിംഗവും അഞ്ചു തലയുള്ള നാഗരൂപവും കാണാം. മുരുകൻ അഞ്ചു തലയുള്ള നാഗരൂപത്തിലാണ് പാമ്പാട്ടിക്കു ദർശനമേകിയത് എന്നാണ് ഐതീഹ്യം. മുരുകനെ പൂജിച്ചതിനു ശേഷം ഈ സിദ്ധനെകൂടി പൂജിക്കാറുണ്ട്.  ഇവിടെ ദിവസവും ഭാസ്മര്ചന ചെയ്യും.. നാഗ ദോഷമുള്ളവർ ഈ ഭസ്മം നെറ്റിയിൽ ഇടുന്നത് ദോഷപരിഹാരമാണ്.